-->

Monday, September 17, 2012

ഒരു അല്‍ഐന്‍ യാത്ര ......

''യാത്ര കുട്ടിക്കാലം മുതലേ വളരെ ഇഷ്ട്ടമുള്ള പരിപാടിയാണ് . അതിനു കിട്ടുന്ന ഒരു അവസരവും
പാഴാക്കാറില്ല ........
പക്ഷെ പ്രവാസി ആയതിനു ശേഷം കാര്യമായി ഒരു യാത്രയും തരപ്പെട്ടതുമില്ല ..
ഇവിടെ അബുദാബിയില്‍ വന്നിട്ട് വര്‍ഷം ഒന്നര കഴിഞ്ഞെങ്കിലും കാര്യമായിട്ട് എവിടെയും പോയിട്ടില്ല ..കൂറ (പാറ്റ)കപ്പലില്‍ പോകുന്ന പോലെ ഇടയ്കിടയ്ക്ക് കിട്ടുന്ന ദുബായ് യാത്ര ആണ് ഏക ആശ്വാസം ..
അങ്ങനെ ഇരിക്കുമ്പോഴാ സുഹ്രുത്തും റൂം മേറ്റുമായ ഉസ്മാന്‍ ഒരു അടിപൊളി യാത്രയുടെ ക്ഷണവും കൊണ്ട് വന്നത് ..
ഡാ .. നിഷൂ ഈ ചെറിയ പെരുന്നാളിന് ഒരു ട്രിപ്പ് ഉണ്ട് ഇവിടുത്തെ മലയാളി കൂട്ടായ്മ നടത്തുന്നതാ ...

അല്ലേലും നോമ്പിന്റെ ക്ഷീണം മാറ്റാന്‍ എവിടെയെങ്കിലും പോകണം എന്നു കരുതിയിരുന്നതാ ,,അപ്പോഴാ ഈ ക്ഷണം ....
രോഗി ഇചിച്ചതും പാല് വൈദ്യന്‍ കല്പിച്ചതും പാല് ,എനിക്ക് സന്തോഷമായി എങ്ങോട്ടാ ട്രിപ്പ് ?
ഞാന്‍ ചോദിച്ചു ...
അല്‍ -ഐന്‍..  രണ്ടു ദിവസത്തെ പരിപാടിയാ ....
യു .എ .ഇ യില്‍ ഉള്ളവര്‍ ഏറ്റവും ഇഷ്ട്ടപെടുന്ന ഒരു സ്ഥലമാണ്‌ അല്‍ -ഐന്‍. മാത്രമല്ലസംഘാംഗങ്ങള്‍ എല്ലാം മലയാളികളും  നല്ല പൊളപ്പന്‍ പാട്ടൊക്കെ പാടി വല്ലവന്റെയും പരദൂഷണവും പറഞ്ഞു അടിച്ചു പൊളിച്ചു പോകാം .
  അതുകൊണ്ട് ഞാന്‍ കണ്ണും പൂട്ടി ഓക്കേ പറഞ്ഞു ....

ഇതു കേട്ടതും റൂം മേറ്റായ ഷാഫിയും ഉണ്ടെന്നായി ..
അവനും എന്നെ പോലെ യാത്രാപ്രേമിയാണ് ..
അങ്ങനെ പെരുന്നാള്‍ ദിവസം നമസ്ക്കാരവും കഴിഞ്ഞു ഞങള്‍ പുറത്തിറങ്ങി ഒന്‍പതു മണിക്കാണ് വണ്ടി വരുമെന്ന് പറഞ്ഞത് സമയം എട്ടാകുന്നതേ ഉള്ളൂ . ഒരുമണിക്കൂര്‍ ഇനിയും ബാക്കിയുണ്ട് ..അതുകൊണ്ട് ജന്മനാ കിട്ടിയ വായ്നോട്ടം എന്നാ മഹാ കലകൊണ്ടു സമയം കൊല്ലാന്‍ തീരുമാനിച്ചു ..

ഒന്‍പതരയോടെ ബസ്സ്‌ വന്നു ഏതാണ്ട് മുപ്പതോളം പേര്‍ സംഘത്തിലുണ്ട് .ഡ്രൈവര്‍ ആളൊരു പച്ചയാണ്‌(പക്കിസ്ത്താനി )മലബാറികളുടെ ടൂര്‍ ആയതു കൊണ്ടാകണം ആളു കുളിച്ചു കുട്ടപ്പനായിട്ടാണ് ഇരിക്കുന്നത് .അല്ലെങ്കില്‍ ഇവനൊക്കെ വെള്ളിയാഴ്ച മാത്രമേ വെള്ളം കൈകൊണ്ട് തൊടൂ .. ഭാഗ്യത്തിന് വിന്‍ഡോ സീറ്റ് തന്നെ കിട്ടി അല്ലേലും യാത്ര ചെയ്യുമ്പോള്‍ വിന്‍ഡോ സീറ്റ് കിട്ടിയാലേ ഒരു രസമുള്ളൂ ...

ബസ്സില്‍ അധികവും അപരിചിത മുഘങ്ങലാണ് ...
അത് കൊണ്ട് ടീം ലീഡര്‍ അയ റഹൂഫ് എല്ലാവരോടും സ്വയം പരിജയപെടുത്താന്‍ പറഞ്ഞു .പക്ഷെ അത് വിനയായി, പരിജയപെട്ടു തുടങ്ങിയപ്പോള്‍   പലരും സ്വന്തം നാട്ടുക്കാര്‍ ...
പിന്നെ അവര് ഒന്നിച്ചിരുന്നു കത്തി  തുടങ്ങി ....
ബസ്സ്‌ ആകെ കേരളാ നിയമസഭ പോലെ ബഹളമയം ..
കൂടെ ബസ്സിലെ മ്യൂസിക്‌ പ്ലയറും.ഡ്രൈവര്‍ ആളു പച്ചയാണെങ്കിലും മലയാളം പാട്ടിനെ കുറിച്ചു നല്ല ബോധമുണ്ട്.. പ്ലേ ചെയ്യുന്നതെല്ലാം സൂപ്പര്‍ ഹിറ്റ്‌ സോങ്ങ്സ് ..
അബുദാബിയില്‍ നിന്നും ഏതാണ്ട് നൂറ്റിയമ്പതോളം കിലോ മീറ്റര്‍ ഉണ്ട് അല്‍ -ഐനിലോട്ട്.. ചവിട്ടി പിടിച്ചാല്‍ വെറും ഒന്നര മണിക്കൂര്‍ കൊണ്ട് എത്തും. നമ്മുടെ നാട്ടിലാണേല്‍ ചുരുങ്ങിയത് നാലു മണിക്കൂറെങ്കിലും വേണം. പച്ച ആളു കൊള്ളാം വണ്ടി ഹനുമാന്‍ ഗിയറില്‍ ഇട്ടു പരത്തുകയാണ് ...
ഇപ്പോ ഏതാണ്ട് അബുദാബിയുടെ
 അതിര്‍ത്തി വിട്ടു ..
 മറ്റു എമിരേറ്റുകളില്‍ നിന്നും തികച്ചും വ്യത്ത്യസ്തമാണ് അല്‍-ഐന്‍. തികച്ചും ദുബായുടെ 
നഗര തിരക്കുകള്‍ ഒന്നും എത്തി നോക്കാത്ത പ്രകൃതി രമണീയമായ സ്ഥലം.. സ്വദേശികള്‍ ഏറ്റവും കൂടുതല്‍ താമസിക്കുന്നത് ഇവിടെയാണ്. രൂപത്തിലും ഭാവത്തിലും നമ്മുടെ നാടിനോട് സാമ്യം തോന്നുന്ന ഒരു പാട് പ്രത്യേകതകള്‍ നിറഞ്ഞ ഒരു കൊച്ചു നാട്.. അതുകൊണ്ടാണ് അല്‍-ഐന്‍ യാത്ര എന്നു കേട്ടപോള്‍ ഉള്ളില്‍ വല്ലാത്ത സന്തോഷം തോന്നിയത് ....

ബസ്സ്‌ ഇപ്പോള്‍ നല്ല വേഗതയിലാണ്..
റോഡിനിരുവശവും അറേബ്യന്‍ നാടുകളുടെ മുഘമുദ്രയായ മരുഭൂമികളാണ് .അറബിനാട്ടില്‍ വന്നിട്ട് ആദ്യമായാണ് മരുഭൂമി കാണുന്നത് ....
ഉച്ചവെയിലില്‍ മണല്‍തരികള്‍ സ്വര്‍ണ്ണനിറത്തില്‍ തിളങ്ങുന്നതു മനോഹരമായ ഒരു കാഴ്ചയാണ് .

ആ മണലില്‍ മേയുന്ന ഒട്ടകകൂട്ടങ്ങള്‍ , ദൈവം സുഘിക്കാന്‍ വേണ്ടി മാത്രം ഭൂമിയിലോട്ടു പടച്ചു വിട്ട കുറച്ചു അറബികള്‍ ലാന്റ്ക്രൂയിസറില്‍ ടെസേര്ട്ട് സഫാരി നടത്തുന്നുണ്ട് ..പക്ഷെ എന്നെ അത്ഭുതപെടുത്തിയ കാഴ്ച മറ്റൊന്നായിരുന്നു ..
ആ പൊരിമണലില്‍  ഒറ്റ പെട്ട് നില്‍ക്കുന്ന കള്ളിമുല്‍ ചെടികളും ചില മരങ്ങളുമായിരുന്നു.... പ്രകൃതിയോട് പൊരുതി ജീവിക്കുന്ന അവയോട്ആര്‍ക്കും  ഒരു ആരാധന തോന്നിപോകും.. ജീവിത പ്രശ്നങ്ങളാല്‍  സ്വയം പരിതപിക്കുന്ന മനുഷ്യന് ചിന്തിക്കാന്‍ വേണ്ടിയായിരിക്കും അവയെ ദൈവം നിലനിര്‍ത്തുന്നത് ....

ഞങ്ങള്‍ അല്‍-ഐന്റെ നഗരാതിര്‍ത്തിയിലെത്തി ..
യാത്രക്കാര്‍ക്ക് സ്വാഗതമോതിക്കൊണ്ട് ഒരുകൂറ്റന്‍ ഫലകം അവിടെ സ്ഥാപിച്ചിട്ടുണ്ട്. സഞ്ചാരികളെ സ്വീകരിക്കുന്നത് ഈ ഫലകമാണ്.അതിനു അടുത്തു തന്നെ ഒരു വലിയ ഘടികാരം സ്ഥാപിച്ചിട്ടുണ്ട് .
അറ്റകുറ്റപണികള്‍ നടത്താത്തതിനാലകണം അത് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല .ഭരണാധികാരികളുടെ അനാസ്ഥയാണോ എന്തോ അറിയില്ല...
പക്ഷെ ഇങ്ങനെ ഒരു അവസ്ഥ ഇവിടെ ചിന്തിക്കാന്‍ പോലും ആകില്ല .നഗരസംരക്ഷണം ഇവര്‍ക്ക് വളരെ പ്രധാനമാണ്.പക്ഷെ നമ്മുടെ നാട്ടില്‍ ഇതു സര്‍-വസാധാരണമാണല്ലോ....

അല്‍ -ഐന്‍ മറ്റു എമിരേറ്റുകളില്‍ നിന്നും തികച്ചും വ്യത്യസ്തത കാത്തു സൂക്ഷിക്കുന്നുണ്ടെന്നു ഈ നഗരത്തില്‍ എത്തുന്ന ആര്‍ക്കും മനസ്സിലാകും.. ട്രാഫിക്ക് ലൈറ്റ് പോസ്റ്റുകളും തെരുവ് വിളക്കുകളും എല്ലാം പഴയ രാജ്യഭരണത്തിന്റെ പ്രൌഡിവിളിച്ചോതുന്ന രീതിയിലാണ് നിര്‍മിച്ചിരിക്കുന്നത് .
ഇവിടെ വരുന്നവരെ പഴയകാല അറേബിയന്‍ പടയോട്ടങ്ങളുടെ ഓര്‍മകളിലേക്ക് കൊണ്ട് പോകുന്ന ചരിത്രത്തിന്റെ ശേഷിപ്പായ ചില കോട്ടകളും നഗരത്തില്‍ ഉണ്ട് ..
ഞങ്ങളുടെ ആദ്യത്തെ പരിപാടി മുഹമ്മദ്‌ നബിയുടെ (സ്വ :അ) പ്രധാന സ്വഹാബിമാരില്‍
 (അനുചരന്മാര്‍ ) ഒരാളായിരുന്ന കൈബ് (റ)
ന്റ്റെ മക്ബറ (ഖബര്‍ ) സന്തര്‍ഷനമാണ് .നബിയെ കുറിച്ചെഴുതിയ കവിതയില്‍ സന്തോഷവാനായി നബി അദ്ദേഹത്തെ പുതപ്പ് നല്‍കി ആദരിച്ചു എന്നാണ് ചരിത്രം ..

 സന്തര്‍ശനം കഴിഞ്ഞു പുറത്തു ഇറങ്ങിയപ്പോഴേക്കും മണി രണ്ടര കഴിഞ്ഞിരുന്നു ...
ആമാശയം അതിന്റെ പണി തുടങ്ങി കഴിഞ്ഞു .
ഇനി വല്ലതും കഴിക്കണം കൊള്ളാവുന്ന ഒരു ഹോട്ടലില്‍ വണ്ടി നിര്‍ത്തി ഞങള്‍ ഉച്ച ഭക്ഷണം കഴിച്ചു . ഇനി നേരെ പോകേണ്ടത് പ്രശസ്ത്തമായ
ഹാങ്ങിംഗ് ഗാര്‍ഡന്‍ കാണാനാണ് ..
ആ പൂന്തോട്ടത്തെ കുറിച്ചു ഗൂഗിള്‍ അമ്മാവന്‍ പറഞ്ഞു തന്ന അറിവേ ഉളൂ..മൂവായിരത്തിലധികം ഇനത്തില്‍ പെട്ട പൂക്കള്‍ ഉള്ള മനോഹരമായ പൂന്തോട്ടം .പക്ഷെ അവിടെ ചെന്നപ്പോള്‍ തലയില്‍ വെള്ളിടി വെട്ടിയ പോലെയായി .ഗാര്‍ഡന്‍സില്‍ ഒരു പൂ പോലുമില്ല .സീസന്‍ സമയത്ത് മാത്രമേ ഗാര്‍ഡനില്‍ പൂക്കള്‍ പ്രധര്‍ശനത്തിന് വെക്കൂ എന്നു പറഞ്ഞു .ഇവിടുത്തെ കാലാവസ്ഥയില്‍ പൂക്കള്‍ കൂടുതല്‍ നാള്‍ നിലനില്‍ക്കില്ലത്രേ......

ഇതെവിടുത്തെന്യായം?.എന്നുംപറഞ്ഞു വാദിക്കണമെന്നുണ്ട് .പക്ഷെ പിന്നെ തിരിച്ചു പോകാന്‍ പറ്റില്ല.. അത് കൊണ്ട് ആരും ഒന്നും പറയാതെ തിരച്ചു വണ്ടിയിലെത്തി .
നേരവും കാലവും നോക്കാതെ ഇറങ്ങിത്തിരിച്ചാല്‍ ഇങ്ങനെയിരിക്കും  ഞാന്‍ ഉസ്മാനോടു സ്വകാര്യമായി പറഞ്ഞു .
പോയത് പോയി... ഇനി അടുത്ത പരിപാടി പിടിക്കാം.അങ്ങനെ നേരെ വിട്ടു. ഈത്തപ്പന തോട്ടത്തിലേക്ക്...

അല്‍-ഐന്‍ ഈത്തപഴങ്ങള്‍ ലോക പ്രശത്സ്തമാണ്.
"നമ്മുടെ നാട്ടിലെ തെങ്ങിന്‍ തോപ്പുപോലെ കണ്ണെത്താത്ത ദൂരത്തോളം ഈത്തപഴതോട്ടങ്ങള്‍" ...
തോട്ടത്തിനു നടുവിലൂടെ ഒരു ചെറിയ തോട് ഒഴുക്കുന്നുണ്ട്. ആ തോടിനെ കുറിച്ചും അല്‍-ഐന് പറയാന്‍ ഒരു കഥയുണ്ട് .
ഇസ്ലാമിക പ്രവാജകനായ മൂസാനബിയുടെ കാലഘട്ടത്തില്‍ അല്ലാഹുവിന്റെ കല്പന പ്രകാരം ജിന്നുകള്‍ ഭൂമിയില്‍ നിന്നും വളരെ താഴച്ചയില്‍ ഒരു വലിയ കനാല്‍ നിര്‍മിച്ചു ..ആ കനാലിന്റെ  മുകള്‍ ഭാകം ആണത്രേ ഈ തോട്.വെള്ളത്തിന്‌ ഉപ്പു രുചിയുമില്ല .
ഈ തോട് ആണ് ഇവിടുത്തെ തോട്ടങ്ങള്‍ ഇതു പോലെ സമ്ര്ദ്ധമായി നിലനില്‍ക്കാനുള്ള കാരണം.. ഇവിടുത്തെ കൃഷിക്കുവേണ്ട മുഴുവന്‍ ജലവും എടുക്കുന്നത് ഈ തോട്ടില്‍ നിന്നാണ് .
വിവധ തരത്തില്‍ പെട്ട ഈത്തപഴങ്ങളാല്‍ സമ്പന്നമാണ് ഈ തോട്ടങ്ങളെല്ലാം .തറയില്‍ മുഴുവനും ഈത്തപഴങ്ങളാണ് .നിലത്തു വീഴുന്നവ
എത്ര വേണമെങ്കിലും സഞ്ചാരികള്‍ക്ക് എടുക്കാം അതിനു അനുമതിയുണ്ട് .
കൂടെ വന്നവര്‍ ഈത്തപഴങ്ങളുടെ ബാക്ക്ഗ്രൌണ്ടില്‍ ഫോടോയ്ക്ക് പോസ് ചെയ്യുന്ന തിരക്കിലാണ് .അതിനിടയിലാണ് ഞാന്‍ ആ കാഴ്ച കണ്ടത് ഈത്തപനകള്‍കിടയില്‍ നില്‍ക്കുന്ന നമ്മുടെ സ്വന്തം നാട്ടുകാരന്‍'' ഒരു വാഴ.
അടുത്തു ചെന്ന് ഒന്ന് ശരിക്കും നോക്കി ഇല്ല കുലയോന്നുമില്ല .എങ്കിലും കടല്‍ കടന്നു വന്ന നാട്ടുകാരനെ കണ്ടപ്പോള്‍ ഒരു സന്തോഷം ..

പകല്‍ അവസാനിക്കുകയാണ് .ഈത്തപനകല്‍ക്കിടയിലൂടെ അരിച്ചെത്തുന്ന സ്വര്‍ണ നിറമുള്ള സൂര്യ കിരണങ്ങള്‍ തോട്ടത്തിന്റെ ഭംഗി കൂട്ടി..
എല്ലാവരും മടങ്ങാന്‍ ഉള്ള തയാറെടുപ്പിലാണ്.
ബസ്സ്‌ നേരെ അടുത്തുള്ള ഹോട്ടലില്‍ നിര്‍ത്തി .
ഇനി നാളെ  രാവിലെ ക്രിത്ത്യസമയത്ത് തന്നെ
ബസ്സിനു അടുത്തു എത്തണമെന്ന് ടീം ലീഡര്‍ റഹൂഫ്
എല്ലാവരോടും പറയുന്നുണ്ട് ..ഞാന്‍ നേരെ എനിക്ക് കിട്ടിയ മുറിയില്‍ പോയി അത്താഴവും കഴിച്ചു കിടന്നു ..
പിറ്റേന്ന് ഒന്‍പതു മണിക്ക് തന്നെ ബസ്സ്‌ പുറപ്പെട്ടു നേരെ പോകുന്നത് അല്‍ -ഐന്‍ മൃഗശാല കാണാന്‍ ആണ് .നിരവധി ഏക്കറില്‍ പരന്നു കിടക്കുന്ന കൂറ്റന്‍ മൃഗശാല .....

ടികറ്റ് എടുത്ത് ഉള്ളില്‍ കടന്നതും വരവേല്‍ക്കുന്നത് യു-എ- ഇ യുടെ ലോഗോ അയ കൂറ്റന്‍ കഴുകന്‍ മാരാണ്...കഴുകന്‍ മാരെ ഇതിനു മുന്പ്പും കണ്ടിട്ടുണ്ടെങ്കിലും ഇത്രയും വലുതിനെ കണ്ടിട്ടില്ല ...
മൃഗശാലയില്‍ കൂടുതലും അറബ് നാടുകളില്‍ കാണുന്ന മൃഗങ്ങളാണ് ..
അവിടുത്തെ മറ്റൊരു ആകര്‍ഷണം വലിയ ആമകളാണ്.

വിവിധ ഇനത്തില്‍ പെട്ട ടെസേര്ട്ട് കൊബ്രകളും എല്ലാം സഞ്ചാരികള്‍ക്ക് കൌതുകമുണര്‍ത്തുന്നു....പക്ഷെ ഒരാളെ മാത്രം അവിടെയെങ്ങും കണ്ടില്ല . നമ്മുടെ സ്വന്തം ആന ...
ജീവനക്കാരോട് ചോദിച്ചപ്പോള്‍ ആന ഇവിടെ ഇല്ലെന്നായിരുന്നു മറുപടി .
ആന ഇല്ലാതെ പിന്നെ എന്തോന്ന് മൃഗശാല ?...
അല്ലേലും ഇവന്മാരുടെ ഭാഷ ആനയ്ക്ക് മനസ്സിലാകാത്തത് കൊണ്ടാവും ആനയെ വെക്കാത്തത് .ഒട്ടകത്തെ മേയ്ക്കുന്നത് പോലെ അല്ലല്ലോ ആനയെ മേയ്ക്കുന്നത് .സഞ്ചാരികള്‍ക്ക് അഭിപ്രായം എഴുതാനുള്ള ബുക്കില്‍ ഈ വിഷയം നീട്ടി വലിച്ചങ്ങ് എഴുതി കൊടുത്തു.

"എന്റെ അഭിപ്രായം കണ്ടു ഇവിടുള്ളവര്‍ അന പാപ്പാന്‍മാര്‍ക്ക് ഒരു വിസ കൊടുത്താലോ "
മൂന്നു മണിക്കൂര്‍ നടന്നു മൃഗശാല കണ്ടു തീര്‍ത്തപ്പോഴേക്കും കാലിന്റെ ടവര്‍ ബോള്‍ട്ട് പൊട്ടി ...

ഇനി നേരെ പോകേണ്ടത് ജബലുല്‍ അസര്‍ എന്ന മല കാണാനാണ് .ആ മലയിലേക്ക് ഉള്ള ഹൈരൈനജ് യാത്രയാണ് മുഘ്യ ആകര്‍ഷണം .

വണ്ടി മല കയറാന്‍ തുടങ്ങി ഫാസ്റ്റ് ട്രാക്കില്‍ ഓടിക്കുന്ന പോലെ അല്ല മല കയറുന്നത് എന്ന് പച്ചയ്ക് നല്ലവണ്ണം മനസ്സിലായി ..നിന്നും നിരങ്ങിയും ഒരുവിധം ബസ്സ്‌ മല കയറാന്‍ തുടങ്ങി.
അതുകണ്ടതും കൂട്ടത്തില്‍ ഒരുവന്‍ ഒരു ഉടക്ക് ചോദ്യമെറിഞ്ഞു?.
 ക്യാഹുവാ ഭായ് ഹം ലോഗ് ധാക്കാ മര്നാ ചായിയെ ?
(എന്താ ഭായ് ഞങ്ങള്‍ ഇറങ്ങി തള്ളണോ?)
ആ പറഞ്ഞത് പച്ചയ്ക് അങ്ങു സുഘിച്ചില്ല .അയാള്‍ എന്തക്കൊയോ പിറുപിറുത്തു .ചോദിച്ചവന്റെ തന്തയ്ക്ക് വിളിച്ചതായിരിക്കും .അല്ലേലും ഒരുത്തനിട്ട് പണിയാന്‍ കിട്ടുന്ന ഒരു അവസരവും നമ്മള്‍ പഴാക്കില്ലല്ലോ ......
നമ്മുടെ നാട്ടിലെ ബസ്സ്‌ ഡ്രൈവര്‍മാര്‍ ആയിരുന്നേല്‍ ഇപ്പോള്‍ ബസ്സ്‌ മലയുടെ മുകളിലുണ്ടാകും ...
ആ യാത്രയില്‍ ഇരുവശത്തുമുള്ള കാഴ്ച്ചകള്‍ അവിസ്മരണീയമാണ് .ഒടുവില്‍ ഒരുവിധം മുകളിലെത്തി .മുകളില്‍ പ്രതേകിച്ച് കാണാന്‍ ഒന്നുമില്ല .ഒരു മലയാളി ഹോട്ടല്‍ മാത്രമുണ്ട് ..
ലോകത്തിന്റെ ഏതു കോണില്‍ ചെന്നാലും അവിടെ ഒരു മലയാളി ഉണ്ടാകും എന്ന ചൊല്ല് ആരോ അറിഞ്ഞിട്ടതാണെന്ന് അപ്പൊ മനസ്സിലായി ...
ഇവിടെ നിന്ന് നോക്കിയാല്‍ അല്‍-ഐന്‍ നഗരം മുഴുവന്‍ കാണാം ..ഒടുവില്‍ ആചേട്ടന്റെ ഹോട്ടലില്‍ നിന്നും നല്ല നാടന്‍ ഭക്ഷണവും കഴിഞ്ഞു ഞങള്‍ മടക്കയാത്ര ആരംഭിച്ചു .ഗാര്‍ഡന്‍ കാണാന്‍ കഴിയാത്ത വിഷമം ഒഴിച്ചാല്‍ യാത്ര തീര്‍ത്തും അവിസ്മരണീയമാണ്.. അത് എനിക്ക് സമ്മാനിച്ച ഉസ്മാന് മനസ്സാ നന്ദി പറഞ്ഞു ഞാന്‍ മയങ്ങാന്‍ കിടന്നു ഒരിക്കല്‍ കൂടി ഇവിടെ വരാന്‍ കഴിയും എന്ന പ്രതീക്ഷയില്‍ .....................

Wednesday, September 5, 2012

എന്റെ കളിക്കൂട്ടുകാരിക്കായ്‌ ...

എന്നെ സ്വപ്നം കാണാന്‍ പഠിപ്പിച്ചത് അവളായിരുന്നു ..... ചെമ്പക നിറമുള്ള ,പാലപ്പൂ മണക്കുന്ന ,എപ്പോഴുംനെറ്റിയില്‍ ചന്ദന കുറിയുള്ള കാര്‍കൂന്തലിന്റെ അറ്റത്തു തുളസ്സികതിര്‍ ചൂടി നിത്ത്യവും ഏഴര വെളുപ്പിന്എഴുന്നേറ്റു
ഇഷ്ട്ടദൈവങ്ങളെ മനസ്സില്‍ ധ്യാനിക്കുന്ന എന്റെ കളിക്കൂട്ടുകാരി.....
 അടുത്ത വീട്ടിലെ രാഘവന്‍  ചേട്ടന്റെയും സുജാത   ചേച്ചിയുടെയും ഒരേ ഒരു മകള്‍ ആതിര ...
 എന്റെ കളിക്കൂട്ടുകാരി ....

 വട്ട മുഖവും അതിനൊത്ത ചന്ദന കുറിയും  പുഞ്ചിരിക്കുമ്പോള്‍ ഇടയ്കിടെ തെളിയുന്ന മുല്ലമൊട്ടൊത്ത പല്ലുകളും അവളുടെ സൌന്ദര്യത്തിന്റെ അടയാളങ്ങളായിരുന്നു .... അറ്റത്തു കസവ് നൂലുള്ള ദാവണി അവളെ കൂടുതല്‍ സുന്ദരിയാക്കുന്നതായി പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട് ...
 എന്നെ കഴിഞ്ഞാല്‍ പിന്നെ നക്ഷത്രങ്ങളോടായിരുന്നു അവള്‍ക്ക് കൂട്ട് .. അവ അവളോട് സംസാരിക്കുന്നുണ്ടെന്നു എനിക്ക് പലപ്പോഴുംതോന്നിയിരുന്നു.. ......

 സമപ്രായക്കാര്‍ ആയിരുന്നെങ്കിലും അവള്‍ക്കുള്ള അറിവും ലോകത്തോടുള്ള കാഴ്ച പാടും വ്യത്യസ്തമായിരുന്നു. അത് എന്നില്‍ ചില സമയങ്ങളില്‍ അസൂയയും അവളുടെ കൂട്ടുകാരനായതില്‍ അഭിമാനവും തോന്നിയിട്ടുണ്ട് ...

 ഒരു ആണിനും പെണ്ണിനും മനസ്സ് തുറന്നു ഏതു കാര്യവും പറയാനും ഒരുമിച്ചു സന്തോഷവും ദുഃഖവുംപങ്കിടാനും ഒരുമിച്ചു നടക്കാനും - പ്രണയമെന്ന മഹാ പ്രതിഭാസത്തിന്റെ അകമ്പടി വേണ്ടെന്നു എന്നെ പഠിപ്പിച്ചവള്‍....
ഞാന്‍ അവളെയോ അവളെന്നെയോ പ്രണയിച്ചിട്ടില്ല.. എന്നിട്ടും ഒരുദിവസം പോലും തമ്മില്‍ കാണാതിരിക്കാന്‍ ഞങ്ങള്‍ക്ക് കഴിയില്ലായിരുന്നു.. അവസാനം ഞാന്‍ യാത്ര പറഞ്ഞു പിരിയുന്നത് വരെ ആ പതിവ് അവള്‍ തെറ്റിച്ചില്ല ...

അവളോട്‌ എനിക്കുണ്ടായിരുന്ന  അത്മബന്ധത്തിന്റെ അര്‍ത്ഥം നിര്‍വചിക്കാന്‍ എനിക്കിനിയും കഴിഞ്ഞിട്ടില്ല ......


 വര്‍ഷങ്ങള്‍ക്കിപ്പുറം കൊഴിഞ്ഞുപോയ ഇന്നലെകളെ ഓര്‍ത്ത്‌ കടലിനിക്കരെ ഈ മണല്‍പരപ്പിലിരുന്നു നിനക്കായെന്റെ തൂലിക ചലിപ്പികുമ്പോള്‍ ഞാന്‍ അറിയുന്നുണ്ട് സഖീ നിന്റെ സാന്നിദ്ധ്യം .നിന്നെ കുറിച്ചെഴുതാന്‍  ഈ കീബോര്‍ഡില്‍ കൊത്തിവച്ച കടല്‍ കടന്നെത്തിയ ഈ ഇരുപത്തിയാറ് അക്ഷരങ്ങള്‍ മതിയാകില്ല ..

 നിനക്കായ് എഴുതുന്ന ഈ ഏകാന്തതയില്‍ ഞാന്‍ അറിയുന്നു നിന്റെ സാമീപ്യം.. എന്റെ മനസ്സിന്റെ ഇടനാഴികളില്‍ ഇടയ്ക്കിടെ മുഴങ്ങുന്ന നിന്‍ മധുര നാദം ...
 എന്നിലെ എന്നെ നീ എനിക്ക് കാണിച്ചു തന്നു .ഞാന്‍ പോലും ഓര്‍ക്കാത്ത എന്നിലെ വിശേഷനാളുകള്‍ നീ ഓര്‍ത്ത്‌ വച്ചു .എനിക്ക്മുന്‍പില്‍  നീ ഒരു കണ്ണാടിയായി .എന്റെ പ്രതിബിംബം എനിക്ക് കാണിച്ചു തന്ന കണ്ണാടി ..

ഏതു പുല്‍നാംബിലെ മഞ്ഞു തുള്ളിയുടെ നൈര്‍മല്യത്തിനോടാണു നിന്നെ ഞാന്‍ ഉപമിക്കുക ?.ഏതു മഴനീരിനാണ് നിന്റെ സാനിദ്ധ്യം പോലെ എന്നെ തണുപ്പിക്കാന്‍ കഴിയുക ?.ഏതു കാറ്റിനും പുഴയ്ക്കുമാണ് നിന്റെ വാക്കുകള്‍ പോലെ എന്നെ ആശ്വസിപ്പിക്കാന്‍ കഴിയുക ?...ദാവണിതുമ്പു നിലത്തിഴയാതെ വിരലുകളില്‍ കോര്‍ത്തു മഴത്തുള്ളികള്‍ സാനിദ്ധ്യമറിയിച്ച പാടവരമ്പില്‍ എന്നെ കാത്തുനില്‍ക്കുന്ന നിന്റെ രൂപമാണ്‌ ഈ ഏകാന്തതയില്‍ എനിക്ക്കൂട്ട്..

എനിക്കറിയാം പ്രിയേ ..കല്‍പ്പടവുകളിലെവഴുക്കല്‍ പയലുകളാല്‍ ഒളിപ്പിച്ചു- ഇടയ്കിടെ അതിഥിയായി എത്തുന്ന മന്ദമാരുതലിന്റെ താളത്തിനൊത്ത് നമുക്കായ് മാത്രംനിശബ്ധമായ്  പാടുന്ന ഓളങ്ങള്‍ക്കൊപ്പം നമ്മള്‍ എന്നും കാണാറുള്ള ആ കുളത്തിന്റെ കല്‍പടവുകളില്‍ നീ ഇന്നും എന്നെയും കാത്തിരിക്കുന്നുണ്ടെന്ന് ..എനിക്ക് തിരിച്ചറിയാന്‍ കഴിയുന്നുണ്ട് പുതുമഴ പെയ്തൊഴിഞ്ഞ നിന്‍ കാല്‍ച്ചുവട്ടിലെ ആ മണ്ണിന്റെ ഗന്ധം ..

 മഞ്ഞു തുള്ളികള്‍ കോലം തീര്‍ക്കുന്ന ഈ പുലരിയില്‍ മഞ്ഞില്‍ പൊതിഞ്ഞ ഇന്നലെകളുടെ ആ ഓര്‍മകളില്‍ നിന്റെ വളപോട്ടുകളാല്‍ നീയെന്‍ മനസ്സില്‍ കോറിയിട്ട സുഖമുള്ള നൊബരങ്ങളുടെ അസ്ഥി ബന്ജങ്ങളും പേറി ഞാന്‍ ഈ മണല്‍ കാട്ടില്‍ ഉരുകി ജീവിക്കുന്നു ....
 ഇല്ല.. തോഴീ നിനക്ക് പകരമാകില്ല ഈ മണല്‍ കാട്ടില്‍ ഈ കോണ്‍ക്രീറ്റ് മരങ്ങളുടെ നടുവില്‍ ഞാന്‍ നേടിയതൊന്നും ..മാസാന്ത്യം മനുഷ്യന്റെ ചിന്താ ശക്ത്തി വിളിച്ചോതുന്ന ആ ചില്ലു കൂട്ടില്‍ നിന്നും ഞാന്‍ എണ്ണിഎടുക്കുന്ന നിറങ്ങള്‍ ചാലിച്ച കടലാസുകള്‍ പോലും .......
  ഏകാന്തത നീ വിരസമാണ് അതുകൊണ്ട് നീ അതിനെ വെറുത്തു.. പക്ഷെ നിനക്കറിയുമോ ഞാന്‍ ഇപ്പോള്‍ ഏകാന്തത ഇഷ്ട്ടപെട്ടു തുടങ്ങിയിരിക്കുന്നു.  ശീതികരിച്ച മുറിയില്‍ഒരിക്കലും തണുക്കാത്ത മനസ്സുമായി തനിച്ചിരിക്കുന്നഎന്നിലേക്ക്  ആ  ഏകാന്തതയില്‍ മെല്ലെ ശബ്ധമുണ്ടാകാതെ കൊഴിഞ്ഞു പോയ ഇന്നലെകളിലെ നനവൂറുന്ന ഓര്‍മകളുമായി നീ എനിക്ക് കൂട്ടിരിക്കാറുണ്ട് .പണ്ടും നീ ഇങ്ങനെ ആയിരുന്നു . നിന്നെ തിരയുന്ന എന്റെ കണ്ണുകളെ കബളിപ്പിച്ചു കൈഎത്തും ദൂരത്തു മറഞ്ഞിരുന്നു നീ ചിരിക്കാറുണ്ടായിരുന്നു ..പക്ഷെ ഇന്നു എന്റെ കൈ എത്താവുന്നതിലും എത്രയോ വിദൂരത്താണ് നീ ..

പിരിയുന്ന നാള്‍ എന്റെ കൈവിരലില്‍ നിന്നും ഊര്‍ന്നു പോയ നിന്‍ വിരലുകള്‍ക്ക് പോലും ഒരു താളമുണ്ടായിരുന്നു പ്രതീക്ഷയുടെ ഒരിക്കലും നിലയ്ക്കാത്ത താളം .പക്ഷേ  ഇന്നു നീയും നിന്റെ ഓര്‍മകളും എല്ലാം എന്റെ മാത്രം നഷ്ട്ടങ്ങളാണ് . ജിവിതത്തിന്റെ പച്ചപ്പ്‌ തേടി ഞാന്‍ നടത്തിയ പ്രവാസമെന്ന തീര്‍ഥാടനത്തിനു പകരം വിധി എന്നില്‍ നിന്നും പറിച്ചെടുത്തത് ഞാന്‍ ഏറ്റവും അമൂല്യമെന്നു കാണുന്ന നിന്നെയായിരുന്നു ..

 വര്‍ഷങ്ങള്‍ക്കിപ്പുറം പിന്നിട്ട വഴികളിലേക്ക് തിരിഞ്ഞു നോകുമ്പോള്‍ നഷ്ട്ടബോധം തോന്നുന്നു ആ വഴികളില്‍ തെളിയുന്ന നിന്‍ മുഖം കാണുമ്പോള്‍ .. ഉറക്കം ശരീരത്തിനെ കീഴ്പെടുത്താത്ത യാമങ്ങളില്‍ നിറയുന്ന കണ്ണു നീരിനോപ്പം തെളിയുന്ന നിന്‍ നിര്‍മാല്യം തുളുമ്പുന്ന മുഖം കാണുമ്പോള്‍ ...............
UA-55979233-1